NEWS

ദേശീയപാത: മലപ്പുറത്ത് സര്‍വെ ആരംഭിച്ചു

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സർവ്വേക്കാണ് മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച തുടക്കമായത്. കുറ്റിപ്പുറം പാലത്തിന്റെ സമീപത്ത് നിന്നാണ് സർവേ നടപടികൾ ആരംഭിച്ചത്. കുറ്റിപ്പുറം പാലം മുതൽ ജില്ലാ അതിർത്തിയായ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലാണ് സർവേ നടത്തുക. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കുറ്റിപ്പുറത്തുനിന്ന് സർവേ  ആരംഭിച്ചത്. അതിര് തിരിച്ച് കല്ലിടലും റോഡിന്റെ സെൻട്രൽ മാർക്കിംഗും ദേശീയപാത അധികൃതർ നിർവഹിച്ചു. മാർക്ക് ചെയ്ത ഭാഗങ്ങളിൽ ജില്ലാ റവന്യൂ അധികൃതർ കണക്കെടുപ്പു നടത്തി നഷ്ടപരിഹാരത്തുകയും  നിശ്ചയിച്ചു.

 

ജില്ലയിൽ മൂന്നുതവണ വിജ്ഞാപനമിറക്കിയിട്ടും നടക്കാതെ പോയ സർവ്വേ ഇത്തവണ പ്രയാസങ്ങളില്ലാതെ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു ചേർത്തിരുന്നു. സർവേ നടപടികൾ തടയാനായി സി. ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ള സമരസമിതി പ്രവർത്തകർ കുറ്റിപ്പുറത്ത് എത്തിയിരുന്നു. സമരക്കാരെ തടയാനായി മലപ്പുറം ജില്ലയ്ക്കു പുറമേ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുമുള്ള പോലീസ് സംഘത്തെയും സർവ്വേ സ്ഥലത്തേക്ക് എത്തിച്ചിരുന്നു. സമരസമിതി പ്രവർത്തകർ കുറ്റിപ്പുറം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സർവ്വേ നടപടികൾ തടസ്സപ്പെടാതിരിക്കാനായി സമരക്കാരെ പോലീസ് തടഞ്ഞു.

അതേസമയം, സർവ്വേ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും വഴി തടയുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *