NEWS RECENT

കായിക മത്സരങ്ങള്‍ക്കൊപ്പം കൃഷിയും; വിളയൂരിലെ യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

വിളയൂര്‍ എടപ്പലം പ്രീമിയര്‍ ലീഗിലെ ചെറുപ്പക്കാരാണ് കൂട്ടായ്മയുടെ കായിക വിനോദങ്ങള്‍ക്കൊപ്പം കൃഷി കൂടി നടത്തുകയെന്ന ആശയവുമായി രംഗത്തെത്തിയത്.
ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഇറക്കിയ ഗ്രോബാഗ് ജൈവപച്ചക്കറി കൃഷിയിലെ വിളവെടുപ്പ് നടന്നു.

ഒരു വര്‍ഷം മുന്‍പാണ് വിളയൂര്‍ എടപ്പലത്ത് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ കായികകൂട്ടായ്മ ആരംഭിച്ചത്. ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തിവരുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് കൂട്ടത്തില്‍ കൃഷിയും ഒരു മത്സരയിനമാക്കി രംഗത്തിറങ്ങിയത്. 160ഓളം വരുന്ന യുവക്കളും കുട്ടികളും മുതിര്‍ന്നവരുമടക്കം വരുന്നവരുടെ നേതൃത്വത്തിലായിരുന്നു 12 ടെറസുകളിലായി ഗ്രോ ബാഗ് ജൈവപച്ചക്കറി കൃഷി നടത്തിയത്. നാല് ടീമുകളായാണ് കൃഷി ഇറക്കിയത്. ഓരോ ടീമിനും 200 വീതം ഗ്രോബാഗുകളും നല്‍കി. വിളയൂര്‍ പഞ്ചായത്തിന് ലഭിച്ച ജൈവ പഞ്ചായത്ത് അവാര്‍ഡ് തുകയും ആത്മപദ്ധതിയും സംയോജിപ്പിച്ചായിരുന്നു കൃഷി.

12 ടെറസുകളിലായി തക്കാളി ഉള്‍പ്പെടെയുളള പച്ചക്കറികള്‍ വിളയിച്ച് ഈ കളികമ്പക്കാര്‍ കൃഷിയിലും കഴിവ് തെളിയിച്ചു. പാലക്കാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവ്യറും, വിളയൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബി.ഉഷയും ചേര്‍ന്ന്‌
വിളവെടുപ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍് കെ.മുരളി അധ്യക്ഷനായി. പട്ടാമ്പി കൃഷി അസിസന്‍റ് ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൃഷി ഓഫീസര്‍ വി.പി.സിന്ധു, ജൈവകര്‍ഷകന്‍ നാരായണന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കൃഷിയില്‍ നടത്തിയ മത്സരത്തില്‍ മികച്ച ടീമായി റൈസിങ്ങ് ഹീറോസിനെ തിരഞ്ഞെടുത്തു. അറേബ്യന്‍ എമിറേറ്റ്സിനാണ് രണ്ടാം സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *