NEWS RECENT

സരസ് മേളയില്‍ താരമായി പോത്രേകുലുവും ലിട്ടി ചോക്കയും

പട്ടാമ്പി : തീയില്‍ കുടം കമിഴ്ത്തിയിട്ട് തിളപ്പിച്ച പാലില്‍ മുക്കിയ വെളളതുണി കുടത്തിന്‍മേല്‍ വിരിച്ചാല്‍ കിട്ടുന്ന നേര്‍ത്ത പാല്‍പാടയില്‍ അണ്ടിപ്പരിപ്പും നിലക്കടല പൊടിച്ചതും ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് മടക്കി കഴിക്കാന്‍ തയ്യാറാക്കുന്നതാണ് പോത്രേക്കുലു. ആന്ധ്രക്കാരുടെ പ്രധാന മധുര വിഭവമായ പോത്രേകുലുവാണ് മേളയിലെ താരം. ബുരേലു, ചക്കരപൊങ്കല്‍, ഹൈദ്രാബാദ് ദം ബിരിയാണി, വെജ് പക്കോടി, മിര്‍ച്ചി ബജി എന്നിവയാണ് ആന്ധ്രക്കാരുടെ മറ്റ് വിഭവങ്ങള്‍. കടല പരിപ്പ്, നെയ്യ്, ശര്‍ക്കരപാനി എന്നിവചേര്‍ത്ത് കുഴച്ച് ഉരുട്ടിയെടുത്തതില്‍ അരിയും ഉഴുന്നും അരച്ച് ചേര്‍ത്തതില്‍ മുക്കി വറുത്തെടുക്കുന്ന വിഭവമാണ് ബുരേലു. ഉഴുന്നും അരിയും വറുത്തപൊടിയില്‍ ശര്‍ക്കര പാനിയും നെയ്യും ചേര്‍ത്ത് കുഴച്ചെടുക്കുന്ന ആഘോഷ വിഭവമാണ് സുന്നി ഉണ്ടാലു. ചക്കരപൊങ്കല്‍, വെജ് പക്കോടി,മിര്‍ച്ചി ബജി എന്നിവയാണ് മറ്റ് ആന്ധ്ര വിഭവങ്ങള്‍. പോത്രേക്കുലുവിന് നല്ല ഡിമാന്റാണ് മേളയിലുളളത്.

ലിട്ടി ചോക്ക, ചോള ബട്ടൂര, സമൂസ, ജിലേബി, ബിഹാറി പക്കോട എന്നിവയാണ് ബിഹാര്‍ വിഭവങ്ങള്‍. കടല തൊലി കളഞ്ഞ് വറുത്ത് പൊടിച്ചത്, സവാള, പച്ചമുളക്,വെളുത്തുളളി എന്നിവ ഗോതമ്പ് മാവില്‍ ചേര്‍ത്ത് ചെറുതാക്കി പരത്തി പൊരിച്ചെടുക്കുന്ന വിഭവമാണ് ലിട്ടി. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്, സവാള, പച്ചമുളക്, വെളുത്തുളളി എന്നിവയില്‍ കടുകെണ്ണ ചേര്‍ത്ത് കുഴച്ച കറിയാണ് ചോക്ക. ബിഹാറുകാരുടെ പ്രധാന വിഭവമാണ് ലിട്ടിചോക്ക. കുടുംബശ്രീ കേരളത്തില്‍ നിന്ന് ആദ്യം പുറത്ത്‌പോയി ക്ലാസ്സുകളെടുത്തത് ബിഹാറിലാണ്. ബീഹാറിലെ ആദ്യ ജീവിക സമൂഹമാണ് (കുടുംബശ്രീ അയല്‍ക്കൂട്ടം) പട്ടാമ്പി സരസ് മേളയിലെ ഫുഡ് കോര്‍ട്ടില്‍ എത്തിയിരിക്കുന്ന സംഘം. രജ്മന്ദിദേവി, കൗസല്യദേവി എന്നീ രണ്ട് പേരാണ് ബിഹാറില്‍ നിന്നെത്തിയിട്ടുളളത്.
ഒന്‍പത് അന്യസംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് സ്റ്റാളുകളാണ് സരസ് മേളയിലെ കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ ഉളളത്. എല്ലാ സ്റ്റാളുകള്‍ക്ക് മുന്നിലും അവര്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ പേരുകളും വിലയും ചാര്‍ട്ടുകളാക്കി തൂക്കിയിട്ടുണ്ട്. ഭാഷാ പ്രശ്‌നം ഉളളതിനാല്‍ എല്ലാ അന്യസംസ്ഥാനക്കാരുടെയും സ്റ്റാളുകള്‍ക്ക് മുന്നില്‍ എന്‍ആര്‍ഒ മെന്റര്‍മാര്‍ വിവര്‍ത്തന സഹായത്തിനായി സധാസമയവും നില്‍പ്പുണ്ട്. ഭക്ഷണങ്ങള്‍ക്ക് പ്രീപെയ്ഡ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓരോ വിഭവങ്ങള്‍ക്കും വേറെ വേറെ കൂപ്പണുകള്‍ വാങ്ങേണ്ട. ഒരുമിച്ച് കൂപ്പണ്‍ വാങ്ങി വിഭവങ്ങള്‍ ആസ്വദിച്ചശേഷം കൂപ്പണ്‍ ബാക്കി വന്നാല്‍ കൗണ്ടറില്‍ തിരിച്ചേല്‍പ്പിടച്ചാല്‍ പണം തിരികെ കിട്ടും. പാര്‍സല്‍ സംവിധാനവും ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *