NEWS RECENT

സരസ് മേളക്കൊരുങ്ങി പട്ടാമ്പി

ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സരസ് മേള മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ദിവസങ്ങളിലായി പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് പരിസരത്ത് നടക്കും. ദേശീയ തലത്തില്‍ തന്നെ ഏറ്റവും വലുതായ ഈ മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പട്ടാമ്പി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലക്കാട് ജില്ലാ കളക്ടര്‍ കെ.സുരേഷ് ബാബു ഐ.എ.എസ് മുഖ്യാഥിതിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം.നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി മാസ്റ്റര്‍ സ്വാഗതവും എ.ഡി.എം.സി എം.ദിനേശ് നന്ദിയും പറഞ്ഞു. വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കെ.സുരേഷ് ബാബു ജനറല്‍ കോഡിനേറ്ററും, പി.സൈതലവി ജനറല്‍ കവീനറുമായി സ്വാഗത സംഘവും 11 സബ് കമ്മിറ്റികളും രൂപീകരിച്ചു.

മുഴുവന്‍ സംസ്ഥാനങ്ങളിലേയും ഗ്രാമീണ മേഖലയിലെ കരകൗശല വിദഗ്ദര്‍, കലാകാരന്മാര്‍, തുകല്‍ ഉത്പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് സരസ് മേളയുടെ ലക്ഷ്യം. 29 സംസ്ഥാനങ്ങളില്‍ നിന്നും 240ഓളം സ്റ്റാളുകള്‍, കലാ സാസ്‌കാരിക സന്ധ്യകള്‍, പ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേളകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് സരസ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള 300 ഓളം സംരംഭകര്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം എടപ്പാളില്‍ നടന്ന മേളയില്‍ 6 കോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *