NEWS RECENT

വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം

ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം. കുടിവെള്ള പദ്ധതിയുടെ കിണറുകൾ സ്ഥിതി ചെയ്യുന്ന 200 മീറ്റർ ചുറ്റളവിലാണ് സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളുന്നത്.തൃത്താല ഹൈസ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന എം.ആർ.എസ്. കെട്ടിടത്തിന്റെ പുറക് വശത്തെ ഭാരതപ്പുഴയാണ് വ്യാപക മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് കെട്ടിടത്തിലേക്ക് പോവുന്ന വഴിയിലും രൂക്ഷമായ തോതിൽ മാലിന്യം തള്ളുന്നുണ്ട്.

ഉപയോശൂന്യമായ കെട്ടിടത്തിന്റെ പുറക് വശത്താണ് പ്രധാനമായും മാലിന്യം തള്ളുന്നത് എന്നതിനാൽ നാട്ടുകാർക്കും ഇവിടുത്തെ മാലിന്യ നിക്ഷേപം അറിയാൻ സാധിക്കുന്നില്ല.കൊടും വേനലിൽ ആളുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ രൂക്ഷമാണ് ഇവിടുത്തെ മാലിന്യം തള്ളൽ.തടയണയിലെ വെള്ളത്തിൽ ചാക്കുകളിൽ കെട്ടിയ നിലയിൽ അറവ് മൃഗങ്ങളുടെ ശരീരഭാഗങ്ങൾ പുഴുവരിച്ച നിലയിൽ കിടക്കുകയാണ്. കുടിവെള്ള പമ്പിങ്ങിനായി പുഴയിൽ നിർമ്മിച്ച കിണറുകളുടെ സമീപത്തായിട്ടും അറവ് മാലിന്യ നിക്ഷേപം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

കാട്കയറി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത്. കെട്ടിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്ല്യവും രൂക്ഷമാണ്.മാസങ്ങളായി തുടരുന്ന രൂക്ഷമാലിന്യ നിക്ഷേപം മൂലം തടയണയിലെ ഈ ഭാഗത്തെ ജലം മാലിന്യം അഴുകി കറുത്ത നിറത്തിൽ പരന്ന് കിടക്കുകയാണ്. അറവ് ശാലകളിലെ അവശിഷ്ടത്തിന് പുറമെ തുണികൾ നിറച്ച ചാക്ക് കെട്ടുകളും,പ്ലാസ്റ്റിക് കുപ്പികളും ഈ ഭാഗത്ത് പരന്ന് കിടക്കുകയാണ്. കൂടാതെ ഈ ഭാഗത്തെ നിളാതീരമാണ് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പടെയുള്ളവർ പ്രാഥമിക കൃത്യനിർവ്വഹണത്തിനുപയോഗിക്കുന്നതും.തൃത്താല സെന്റർ മുതൽ വെള്ളിയാങ്കല്ല് തടയണ വരെയുള്ള നിളാതീര ഭാഗങ്ങളിലും മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്.

ജില്ലയിലും സമീപ ജില്ലകളിലുമായി നിരവധി സ്ഥലങ്ങളിലേക്ക് വെള്ളിയാങ്കല്ല് തടയണയിലെ വെള്ളമാണ് ആശ്രയം. തൃശൂർ ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, കുന്ദംകുളം നഗരസഭകൾ, അഞ്ചോളം പഞ്ചായത്തുകൾ, ജില്ലയിലെ പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾ എന്നിവയുടെയെല്ലാം കുടിവെള്ള സംഭരണിയായ വെള്ളിയാങ്കല്ല് തടയണയാണ് മാലിന്യത്തിൽ മുങ്ങുന്നത്.

റിപ്പോർട്ട്: വി.ടി മുസ്തഫ

Leave a Reply

Your email address will not be published. Required fields are marked *