NEWS RECENT

വല്ലപ്പുഴ-മുളയങ്കാവ് റോഡ് റബ്ബറൈസിങ് പണി ഉടന്‍ പൂര്‍ത്തിയാവും

പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്ന പണി ഏപ്രില്‍ രണ്ടാംവാരത്തോടെ പൂര്‍ത്തിയാവും. മുളയങ്കാവ് ഭാഗത്ത് കുറച്ചുസ്ഥലം ഉയര്‍ത്തിയശേഷം മാര്‍ച്ച് അവസാനം റബ്ബറൈസിങ് ചെയ്യുന്ന ജോലി തുടങ്ങുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ.ബി. മധു പറഞ്ഞു. രണ്ടേകാല്‍കോടി രൂപ ചെലവിലാണ് റബ്ബറൈസിങ് പണി നടക്കുന്നത്. വല്ലപ്പുഴ- കുലുക്കല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റര്‍ നീളമുള്ള റോഡാണിത്. ടാറിങ് പാടെ തകര്‍ന്നും വന്‍കുഴികള്‍ നിറഞ്ഞും നാലുവര്‍ഷമായി ഇതുവഴിയുള്ള ഗതാഗതവും കാല്‍നടയാത്രയും ദുര്‍ഘടമായിരുന്നു. മഴക്കാലത്ത് ചെളി നിറഞ്ഞും വേനല്‍ക്കാലത്ത് പൊടിപാറിയും ഇതുവഴി പോകാന്‍പറ്റാത്ത അവസ്ഥയായിരുന്നു. നാട്ടുകാര്‍ മുറവിളിയുമായി രംഗത്തെത്തി. പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ ഇടപെട്ട് റോഡുപണി വേഗത്തിലാക്കാന്‍ ശ്രമിച്ചതും തുണയായി. 2015-ല്‍ വല്ലപ്പുഴ-മുളയങ്കാവ്- ഇട്ടക്കടവ് റോഡ് നവീകരിക്കാന്‍ ഒന്‍പതുകോടി രൂപയുടെ സാങ്കേതികാനുമതി കിട്ടിയിരുന്നു. എന്നാല്‍ ഭരണാനുമതിയോ സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോ ലഭിച്ചിരുന്നില്ല. പിന്നീട് രണ്ടേകാല്‍കോടി ചെലവില്‍ വല്ലപ്പുഴയില്‍നിന്ന് മുളയന്‍കാവുവരെയുള്ള നാല് കിലോമീറ്റര്‍ റോഡ് റബ്ബറൈസ് ചെയ്യാന്‍ അനുമതികിട്ടുകയുംചെയ്തു. ഇതിനിടയില്‍ മഴയും, ടാര്‍ കിട്ടാത്ത അവസ്ഥയും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ തടസ്സമാവുകയുംചെയ്തു. കോണ്‍ക്രീറ്റില്‍ അഴുക്കുചാലുകള്‍ പണിതും കള്‍വര്‍ട്ടുകള്‍ പണിതും അനുബന്ധജോലികള്‍ നേരത്തെ നടത്തിയിരുന്നു. 75 ലക്ഷംരൂപ ചെലവില്‍ റോഡിന്റെ അനുബന്ധമായ മുളയങ്കാവ്- ഇട്ടക്കടവ് റോഡിന്റെ അറ്റകുറ്റപണികള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *