NEWS RECENT

രാഷ്ട്രീയം സ്നേഹബന്ധിതമാകണം; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

സഹജീവി സ്നേഹത്തിന്‍റെയും പരസ്പര സാഹോദര്യത്തിന്‍റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട്’ എന്ന രാഷ്ട്രീയ കാമ്പയിനിൽ സമാധാന സൂചകമായി പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ജീവന്‍ അപഹരിക്കുകയും രക്തം ചിന്തിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ്. രാഷ്ട്ര നന്മയ്ക്കും മാനവ നന്മയ്ക്കും ഉപകാരപ്പെടുന്ന തരത്തില്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട നിര്‍ണ്ണയിക്കപ്പെടണമെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വ്യാപനത്തിനു പകരം സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും ഇടങ്ങളാണ് രാഷ്ട്രീയത്തിൽ കാലഘട്ടം ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു.
ചടങ്ങില്‍  മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് കെ എന്‍ ഷാനവാസ് അധ്യക്ഷനായി. ചടങ്ങില്‍ പി ഉബൈദുള്ള എം എല്‍ എ , സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, സൗഹാര്‍ദ്ദ പ്രതിനിധികളായി ഫാ. ജോസ് സെബാസ്റ്റ്യന്‍, മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍, ജില്ലാ  യൂത്ത് ലീഗ് സെക്രട്ടറി എന്‍ കെ അഫ്സല്‍ റഹ്മാന്‍, മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *