NEWS RECENT

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിൽ.

പട്ടാമ്പി നഗരസഭയുടെ ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിൽ. പഴയ മാർക്കറ്റിൽ നിന്ന് കുടിയേറിയവരാണ് വാടക പ്രശ്നത്തിൽ ഉടക്കി വ്യവഹാരത്തിലും തൊഴിൽ പ്രതിസന്ധിയിലുമായത്. മൂന്നു മാസമായിട്ടും വാടക നല്‍കാത്ത കച്ചവടക്കാരുടെ എട്ട് കടമുറികള്‍ ഒഴിപ്പിച്ച് നഗരഭരണാധികാരികൾ സീല്‍ ചെയ്തതോടെ പ്രശ്നം രൂക്ഷമാവുകയും ചെയ്തു. പുതിയ മത്സ്യ മാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ കച്ചവടം ചെയ്യുകയും മൂന്നു മാസമായിട്ടും വാടക നല്‍കാത്തവര്‍ക്കുമെതിരെയാണ് നഗരസഭ നടപടികളുമായി രംഗത്തിറങ്ങിയത്. പഴയ മാർക്കറ്റിലെ വ്യാപാരികൾ കടമുറിലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും കുറഞ്ഞ വാടകക്ക് മുറി നൽകാമെന്നും അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കച്ചവടക്കാരുടെ ഭാഷ്യം. ഉയർന്ന വിലക്ക് കടമുറിലേലത്തിൽ പോയപ്പോൾ പഴയ വ്യാപാരികളും പുതിയ വാടക നൽകണമെന്ന് അധികൃതർ ശഠിക്കുകയാണെന്നും ഇത് വാഗ്ദാന ലംഘനമാണെന്നും ആരോപിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ പിറ്റേന്നാണ് വാടക ലഭിക്കാത്ത സ്റ്റാളുകളില്‍നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തത്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പട്ടാമ്പി എസ്.ഐ. അജീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി മാര്‍ക്കറ്റില്‍ എത്തിയിരുന്നു. 24ഓളം സ്റ്റാളുകളിലാണ് കച്ചവടം നടക്കുന്നത്. ഇതില്‍ വിരലിലെണ്ണാവുന്ന കച്ചവടക്കാര്‍ മാത്രമാണ് കൃത്യമായി വാടകനല്‍കി വരുന്നത്.
പഴയ മാര്‍ക്കറ്റില്‍നിന്ന് പുതിയ മാര്‍ക്കറ്റിലേക്ക് മാറിയ കച്ചവടക്കാരും നൂറിലേറെ തൊഴിലാളികളുമാണ് തൊഴിൽ നഷ്ടം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *