MOVIE NEWS RECENT

തമ്പിന്‍റെ 40-ാം വാര്‍ഷികാഘോഷം നിളാതീരത്ത്

1978 ല്‍ റിലീസ് ചെയ്ത തമ്പിന്‍റെ 40-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും തിരുന്നാവായ നിളാതീരത്ത് ഒത്തു ചേരുന്നു. മാര്‍ച്ച് 17 ന് ചെമ്പിക്കലില്‍ ഭാരതപ്പുഴയിലാണ് ഒത്തു ചേരല്‍.
1977 നവംമ്പര്‍- ഡിസംബര്‍ കാലങ്ങളിലായാണ്  തിരുനാവയ ഭാരതപ്പുഴയോരത്ത്‌ അരവിന്ദന്‍ സിനിമ ചിത്രീകരിച്ചത്.  മണപ്പുറത്തായിരുന്നു സിനിമയ്ക്കായി സര്‍ക്കസ്സ് കൂടാരം നിര്‍മ്മിച്ചത്. സിനിമാവാര്‍ഷികാഘോഷത്തിനപ്പുറം ഭാരതപ്പുഴയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സിനിമ നടന്‍ നെടുമുടി വേണു പറഞ്ഞു.
അമിതമായ മണലെടുപ്പും മറ്റും കാരണം പുഴ ഇന്ന് ഏതാണ്ട് പൂര്‍ണമായും നശിച്ചു. സിനിമ ചിത്രീകരണ സമയത്തെ മണല്‍പ്പരപ്പോ, നീരൊഴുക്കോ ഇന്ന് നിളയിലില്ല. ചരിത്ര പ്രാധാന്യമുളള നിളയെ സംരക്ഷിക്കുന്നതിന്നുളള ഒരു കാല്‍വെപ്പാണ് കൂട്ടായ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പുഴകളില്‍ നിന്ന് ഇതര സംസ്ഥാനങ്ങള്‍ പോലും മണല്‍ കൊണ്ടു പോകുമ്പോള്‍ സര്‍ക്കാറിന് ഇതിനെ തടയാന്‍ കഴിയാത്തതാണ് പുഴ നശിക്കാന്‍ പ്രധാന കാരണമെന്ന് നടന്‍ ശ്രീരാമന്‍ പറഞ്ഞു. എങ്കിലും തമ്പിന്‍റെ കാലം ഓര്‍ത്തെടുക്കാന്‍, പുഴയെ രക്ഷിക്കാനൊരു വഴിതേടി തമ്പില്‍ ബാക്കിയായവര്‍ മാര്‍ച്ച് 17 ന് വീണ്ടും ഒത്തുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമ്പ് സിനിമയുടെ പ്രവര്‍ത്തകരില്‍ ഏറെപേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം, ഭാരതപ്പുഴയുടെ ആത്മാവിനുളള സംഗീതാര്‍ച്ചനയായി വൈകുന്നേരം അഞ്ചിന്  കാവാലം ശ്രീകുമാരന്‍ നയിക്കുന്ന സംഗീത സദസ്സും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *