MOVIE OPINION RECENT

കാലം മായ്ക്കാത്ത ഓർമ്മകൾ

കാലം ഏറെ പിന്നിട്ടപ്പോൾ, കാലത്തിൻറെ കുത്തൊഴുക്കിൽ ഗതി മാറി ഒഴുകി മാറ്റങ്ങൾ നേരിട്ട മലയാള സിനിമ . ന്യൂ ജനറേഷൻ സിനിമകൾ തകർത്തു വാഴുന്ന ഈ കാലത്ത് പഴയ മലയാള സിനിമകളിലേക്ക് ദൃഷ്‌ടിയൂന്നിയാൽ കാണാം പുതു തലമുറയിലെ ഭൂരിഭാഗം പേർക്കും അന്യമായ കുറേ നല്ല കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും കൂടെ കുറേ നല്ല ഈരടികളും.

ഒരു കാലത്തെ കേരളത്തിൻെറ തന്നെ പാരമ്പര്യവും, തനിമയും, കുടുംബ പുരാണങ്ങളും, ഗ്രാമഭംഗിയുമെല്ലാം എടുത്തു കാണിച്ചിരുന്ന സിനിമകളായിരുന്നു അവ. കേരളത്തിന് അതിൻെറതായ വ്യക്തിത്വം ചാർത്തികൊടുത്തവ നാട്ടിലെ ഒരു ചായക്കട,പഴയ തറവാടുകൾ,ഇടവഴികൾ, കവല ഇവയെല്ലാം തന്നെ അന്നത്തെ സിനിമകളിലെ നിത്യകാഴ്ചകളായിരുന്നു.

ഒരു നാടിൻറെ ന്യൂസ്പേപ്പറായാണ് ചായക്കടകൾ ചിത്രീകരിക്കപ്പെട്ടിരുന്നത്. ആ നാട്ടിൽ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും എരിവും പുളിയും ചേർത്ത് പറയുന്ന ഒരു ചായക്കടക്കാരനും അതിനു ചെവിയോർക്കുന്ന നാട്ടുകാരും ഇല്ലാത്ത സിനിമകൾ വളരെ കുറവായിരുന്നു. നാട്ടിലെ പുടവമാറ്റവും,ഒളിച്ചോട്ടവും,പ്രമാണിമാരുടെ രഹസ്യങ്ങളും വലിയ തറവാട്ടുകാരുടെ സ്വത്തുഭാഗം വരെ അവിടെ വർത്തകളാവും.ചായ കുടിച്ച് ബീഡിയും വലിച്ച്‌ ഇതെല്ലം ആകാംക്ഷയോടെ കേട്ടിരിക്കുന്ന കുറേ വൃദ്ധന്മാരും രസികൻ കാഴ്ചകളായിരുന്നു.

പുരുഷന്മാർക്ക് ചായക്കടയെന്ന പോലെ സ്ത്രീകൾക്ക് ചർച്ചക്കുള്ള ഇടമായിരുന്നു കുളിക്കടവുകൾ . കുളിക്കടവിലെയും, പുഴയോരത്തെയും ചർച്ചകൾ പലപ്പോഴും നർമ്മരസം തുളുമ്പുന്നവയായിരുന്നു. സ്ത്രീകൾക്കിടയിലുള്ള ചെറിയ ചെറിയ വാക്പോരിനും അസൂയനിറഞ്ഞ സംസാരങ്ങൾക്കും ഈ കുളിക്കടവുകൾ പലപ്പോഴും സാക്ഷിയായി.

കൂട്ടുകുടുംബ വ്യവസ്ഥയിൽ അടിത്തറപാകിയ തറവാടു വീടുകൾ ശബ്ദ്കോലാഹലങ്ങളുടെയും വഴക്കുകളുടെയും പ്രതീകമായിരുന്നവ. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഫാസില്‍ സംവിധാനം ചെയ്ത മണിചിത്രത്താഴിലെ തറവാടും, ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന തറവാടുകളും അവയെ ചുറ്റിപറ്റിയ പ്രേത കഥകളും, ഐതീഹ്യങ്ങളും മലയാളിക്ക് സമ്മാനിച്ചത് പഴമയുടെ നേർസാക്ഷ്യമായിരുന്നു.

തലമുറകളായി കൈമാറ്റം ചെയ്തു വന്ന ഈ വീടുകളിലെ തൂണിനും ഇടനാഴികൾക്കും വരെ പറയാനുണ്ടായിരുന്നത് ഒട്ടേറെ കഥകളായിരുന്നു. ഒരു വടക്കൻ വീരഗാഥ , പെരുന്തച്ചൻ എന്നീ സിനിമകൾ ചരിത്ര കഥകളുടെ ദൃശ്യാവിഷ്കാരമായപ്പോൾ അവിടെയും സ്ഥാനം പിടിച്ചത് ഈ തറവാടുകൾ തന്നെ. ഇന്നാകട്ടെ അവയെല്ലാ ടൈലിട്ട വീടുകൾക്കും ഫ്ളാറ്റുകൾക്കും വഴിമാറിപോയി. ഈ തറവാടുകളിലെ അഭിവാജ്യഘടകമായിരുന്നു കഥകൾ പറയുന്ന മുത്തശ്ശിമാർ.ഗ്രാമത്തിൻെറയും തറവാടിൻെറയും പുരാണങ്ങളും പഴമൊഴികളും തുടങ്ങി കാലാവസ്ഥ പ്രവചനം വരെ തെറ്റാതെ പറയുന്ന ആ മുത്തശ്ശിമാർ വരെ ഇന്നത്തെ സിനിമകളിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.

ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കണ്ടുമുട്ടലിനും വേർപിരിയലിനുമെല്ലാം മൂകസാക്ഷിയായിരുന്നു അന്നത്തെ സിനിമകളിലെ ഇടവഴികൾ. വേലികെട്ടി തിരിച്ച വീടുകൾക്കിടയിലൂടെയുള്ള ഇടവഴികൾ പലപ്പോഴും കത്ത് കൈമാറലിനും കാത്തിരിപ്പിനും വേദിയായി. ആൽമരച്ചോടും കതിരാണിഞ്ഞുനിൽക്കുന്ന വയലുകളും തെങ്ങിൻ തോപ്പുകളുമെല്ലാം നിഷ്കളങ്ക പ്രണയത്തിന് സാക്ഷ്യം വഹിച്ചവയായി മാറിയപ്പോൾ മലയാളി എന്നും നെഞ്ചിലേറ്റുന്നതും ആ പഴയ നല്ലകാലത്തിലെ സിനിമകളെ തന്നെയാവാം.

മലയാള നാടിന് മാത്രം സ്വന്തമായ,വേല പൂരങ്ങളുടെ കാലമാണ് കുംഭം,മീനം മാസങ്ങൾ. സുന്ദർദാസിൻെറ സംവിധാനത്തിൽ നിന്നുടലെടുത്ത ‘കുടമാറ്റം’മലയാളിക്ക് സമ്മാനിച്ചത് മറക്കാനാകാത്ത ഒരു ഉത്സവകാലമാണ്. വിദൂരതയിൽ നിന്നും മുഴങ്ങുന്ന ചെണ്ടമേളവും മറ്റു വാദ്യോപകരണങ്ങളുടെ നാദവും, വെടിക്കെട്ടും അനുഷ്ഠാനകലയായ തെയ്യവും മറ്റും ഒത്തുചേരുന്ന വേലയുടെയും പൂരങ്ങളുടെയും ദൃശ്യങ്ങൾ സിനിമയിൽ നിന്നും മൺമറഞ്ഞു പോയിട്ട് വർഷങ്ങൾ കുറെയായി. നല്ലൊരു ഭാഗം സിനിമകളിലും ഇവയെല്ലാം കാണികൾക്ക് മുന്നിൽ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.കേരളത്തിൻെറ കലകളും ആചാരങ്ങളുമെല്ലാം മറ്റുള്ളവർക്കുമുന്നിൽ തുറന്നു കാണിക്കേണ്ട ഇന്നത്തെ സിനിമാ സംവിധായകർ ഇപ്പോൾ അവയെ വിസ്മരിച്ചുവന്നു തോന്നുന്നു.

ഇന്നത്തെ സിനിമകളിൽ നിന്നും മാഞ്ഞുപോയ ചില മുഖങ്ങൾ കൂടി ഉണ്ടായിരുന്നു പഴയകാല സിനിമകളിൽ.കൈയ്യിൽ അരിവാളേന്തി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെ സിനിമകളിൽ കണ്ടവർ ആരും തന്നെ അത്ര പെട്ടെന്നൊന്നും മറന്നുപോകാനിടയില്ല. ‘പൊന്മുട്ടയിടുന്ന താറാവ് ‘എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് പ്രേക്ഷകർക്ക് നൽകിയത് ഒരു തട്ടാൻറെ കഥ മാത്രമായിരുന്നില്ല,ഒരു ഗ്രാമത്തിൻറെ മുഴുവൻ കഥയായിരുന്നു. ‘ജഗതി’അവതരിപ്പിച്ച ‘വെളിച്ചപ്പാട്’എന്ന കഥാപാത്രം ഒരേ സമയം ഫലിതം കൊണ്ടും രൂപം കൊണ്ടും ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. 1974 -ൽ പി.ജെ ആൻ്റണിക്ക് വെളിച്ചപ്പാടെന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത സിനിമയായിരുന്നു എം.ടി യുടെ ‘നിർമ്മാല്യം’.

പലരും ആകാംഷയോടെ കാത്തിരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു പോസ്റ്റ്മാൻ. കാൽ നടയായോ സൈക്കിളിലോ കത്ത് കൊണ്ട് വരുന്ന പോസ്റ്റ്മാനും കയ്യിൽ ചെറിയ ബാഗും പിടിച്ച കല്ല്യാണ പ്രായമായ ചെറുപ്പക്കാരുള്ള വീട്ടിൽ കയറിയിറങ്ങുന്ന കല്യാണ ബ്രോക്കറുമെല്ലാം ഒരുകാലത്തെ സിനിമയിലെ നിത്യ കാഴ്ചകളായിരുന്നു.


ഇന്നലെകളിലെ കുറെ നല്ല ഗാനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. ഒ.എൻ.വി യുടെ വരികൾക്ക് ബോംബെ രവി സംഗീതം നൽകിയപ്പോൾ ചിത്രയുടെ ആലാപത്തിൽ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച ഗാനമായിരുന്നു ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന് തുടങ്ങുന്ന ഗാനം. മേഘം എന്ന സിനിമയിലെ ‘തുമ്പയും തുളസിയും’ എന്ന ഗാനത്തിലൂടെ ഗിരീഷ് പുത്തഞ്ചേരിയും ‘വര മഞ്ഞളാടിയ രാവിന്റെ മാറിൽ..’ എന്നതിലൂടെ സച്ചിദാനന്ദനുമെല്ലാം വർണിച്ചത് ഗ്രാമഭംഗിയും, പ്രകൃതി സൗന്ദര്യവുമായിരുന്നു. ഒ.എൻ.വി യുടെ തൂലിക തുമ്പിൽ നിന്നും വിരിഞ്ഞ ‘അല്ലി മലർക്കാവിൽ…’ ‘ശ്രീ രാഗമോ തേടുന്നു നീ…’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ
ഒരിക്കലെങ്കിലും മൂളാത്തവർ ചുരുക്കമായിരിക്കും. മലയാള സിനിമയുടെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാൽ മാത്രം ആസ്വദിക്കാനാകുന്നവയാണ് ഇവയെല്ലാം.

ഒരു കാലത്ത് കേരളത്തിന്റെ കഥകൾ പറഞ്ഞിരുന്ന മലയാള സിനിമകൾ ഇന്ന് ന്യൂജൻ സിനിമകിലേക്ക് വഴിമാറിയപ്പോൾ നഷ്ടമായത് പഴമയെ ഇഷ്ടപെടുന്ന ഒരുപിടി പ്രേക്ഷകരെയായിരുന്നു. പഴമകളെ നെഞ്ചിലേറ്റുന്ന ആസ്വാദകരെ കൂടെ ഒപ്പം നിർത്താൻ മലയാള സിനിമക്ക് സാധിക്കട്ടെ.

ഫർഷീന

Leave a Reply

Your email address will not be published. Required fields are marked *