NEWS RECENT

കവിതയുടെ കാര്‍ണിവല്‍ കൊടിയിറങ്ങി

പട്ടാമ്പി: മൂന്നുനാള്‍ പട്ടാമ്പി ഗവ. കോളേജില്‍ നടന്നുവന്ന കവിതയുടെ കാര്‍ണിവല്‍ സമാപിച്ചു. ഞായറാഴ്ച രാവിലെമുതല്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണം, കവിതാ അവതരണം, കവിതയെ പരിചയപ്പെടുത്തല്‍, ചിത്രപ്രദര്‍ശനം, കവിസംഗമം എന്നിവ നടന്നു. ‘നവീന കവിതയിലെ കലാപങ്ങളും രാഷ്ട്രീയ ആധുനികതയും’, ‘ആധുനികാന്തരതയുടെ സൂക്ഷ്മരാഷ്ട്രീയം’, ‘മലയാള കവിതയുടെ ഭൂതവര്‍ത്തമാനങ്ങള്‍’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. കാര്‍ണിവലില്‍ ശനിയാഴ്ച വൈകീട്ട് കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ കവിസമ്മേളനത്തില്‍ ചന്ദ്രകാന്ത പാട്ടീല്‍, മംമ്താ സാഗര്‍ എന്നിവര്‍ കവിതയുടെ ഇന്ത്യന്‍ പശ്ചാത്തലം വിശദീകരിച്ചു. കവി കല്‍പ്പറ്റ നാരായണനും ചടങ്ങില്‍ പങ്കെടുത്തു. കവിത കാലത്തിനും പരിസരത്തിനും അതീതമായി സഞ്ചരിക്കുന്നതാണെന്ന് ചൊല്ലിയും പറഞ്ഞും കല്‍പ്പറ്റ നാരായണന്‍ വിശദീകരിച്ചു. അപ്ലൈഡ് പോയട്രിയെക്കുറിച്ചുള്ള സംവാദത്തില്‍ അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മംമ്താ സാഗര്‍, മനോജ് കുറൂര്‍, അനിത തമ്പി എന്നിവര്‍ പങ്കെടുത്തു. കവിതാ കാര്‍ണിവലിന്റെ മൂന്നാംപതിപ്പാണ് പട്ടാമ്പി ഗവ. കോളേജില്‍ സമാപിച്ചത്. ‘കവിത പ്രതിരോധം പ്രതിസംസ്‌കൃതി’ എന്നതായിരുന്നു വിഷയം. പട്ടാമ്പി സംസ്‌കൃത കോളേജിലെ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

റിപ്പോർട്ടർ: ഫവാസ് കിനാൻ

Leave a Reply

Your email address will not be published. Required fields are marked *