NEWS RECENT

ഉയര്‍ച്ച കാത്ത് പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം

പട്ടാമ്പി: പരാധീനതകള്‍ക്കിടയിലും ഉയര്‍ച്ചകാത്തിരിപ്പാണ് പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം. നവകേരളമിഷന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ആരോഗ്യവകുപ്പ് സാമൂഹിക കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തേണ്ട അര്‍ഹത പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിനുണ്ട്. ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള പരുതൂര്‍ പഞ്ചായത്തിലാണ് കേന്ദ്രം. ജനസംഖ്യ കാല്‍ലക്ഷത്തിലധികമാണ്. ഇതില്‍ 19 ശതമാനവും പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവരാണ്. പഞ്ചായത്തിന് ചുറ്റും തൂതപ്പുഴയും ഭാരതപ്പുഴയും റെയില്‍വേ ലൈനുമാണ്. വിദഗ്ധചികിത്സ കിട്ടാന്‍ വളാഞ്ചേരി, കൊപ്പം, പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലെത്താന്‍ പതിനഞ്ചിലധികം കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കേന്ദ്രത്തിന് രണ്ടേക്കറിലധികം സ്ഥലമുണ്ട്. വാഹനം, കുടിവെള്ളസൗകര്യം എന്നിവയും ലഭ്യമാണ്. ഇപ്പോള്‍ കേന്ദ്രം ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാലും സ്റ്റാഫ് നഴ്‌സ് ഇല്ലാത്തതിനാലും വലയുകയാണ്. താത്കാലികാടിസ്ഥാനത്തില്‍ ഈ വര്‍ഷത്തേക്ക് നിയമിച്ച ഫാര്‍മസിസ്റ്റിന്റെ കാലാവധി കഴിഞ്ഞിരിക്കയാണ്. തന്മൂലം മരുന്ന് നല്‍കാനോ, ആവശ്യമായ മരുന്നിന്റെ ലിസ്റ്റ് അയയ്ക്കാനോ ഒന്നും കഴിയാത്ത സ്ഥിതിയാണ്. താത്കാലികമായി ഓങ്ങല്ലൂരില്‍നിന്ന് ഫാര്‍മസിസ്റ്റിനെ ഒന്നോരണ്ടോ ദിവസം ആഴ്ചയില്‍ ഇങ്ങോട്ട് പറഞ്ഞയയ്ക്കുന്നുണ്ടെന്ന് മാത്രം.

റിപ്പോർട്ടർ : ഫവാസ് കിനാൻ

Leave a Reply

Your email address will not be published. Required fields are marked *